Feeds:
Posts
Comments

സഹജീവികളുടെ വേദനയില് പണ്ടേ എനിക്ക് ഒരു താല്പര്യം ഉണ്ട് (ഞാന് ഉദ്ദേശിച്ചത് സഹാനുഭൂതിയാ. പെട്ടെന്ന് വാക്ക് കിട്ടിയില്ല.) ആരെങ്കിലും സന്തോഷിക്കുമ്പോള് മിക്കവാറും (?) സന്തോഷിക്കുകയും ആരെങ്കിലും സങ്കടപെടുമ്പോള് സങ്കടപ്പെടുകയും ആരെങ്കിലും പണി തന്നാല് മാത്രം അവന് പണ്ടാരമടങ്ങണേ എന്ന് വൈകുന്നേരം പ്രാർത്ഥിക്കുകയും ഒരു സാധാ മലയാളി ആണ് ഞാനും. പക്ഷെ ചിലപ്പോഴൊക്കെ തെക്കോട്ട്‌ പോകുന്ന പണി വടക്കുനിന്നു ഏണി വെച്ച് മേടിക്കുന്ന സ്വഭാവം എനിക്കുണ്ടേ.അതാണ് ഈ കഥ…
ഇപ്പോൾ താമസിക്കുന്ന അപാർട്ട്മെന്റിന് സൗകര്യം പോരാഞ്ഞു കുറച്ചു കൂടി നല്ല ഒരു സ്ഥലം തപ്പി നടക്കുന്ന കാലം. വഴിയിൽ കാണുന്നവരോടും കൂടെ ജോലി ചെയ്യുന്ന ഹതഭാഗ്യരോടും ഒക്കെ റന്റ് കുറഞ്ഞ ഒരു അപാർട്ട്മെന്റ് അന്വേഷിച്ചു അങ്ങനെ നടക്കും. നാടോടിക്കാറ്റിൽ ദാസനും വിജയനും വീട് നോക്കി നടക്കുന്ന scene ഇവിടെ ഓർകുന്നതു നന്നായിരിക്കും. 4 ബെഡ് റൂം ഉള്ള, സ്വിമ്മിംഗ് പൂൾ, ഗാർഡൻ, പാർക്കിംഗ് ഫസിലിടി ഒക്കെ ഉള്ള ഒപ്പം 100 ദിനാർ മാത്രം വാടക ഉള്ള ഒരു ചെറിയ വീട് ആണ് 3 പേര് ഉള്ള ഒരു കുടുംബത്തിന്റെ ആവശ്യം. പ്രതീക്ഷയും യാഥാര്ത്യവും തമ്മിലുള്ള അന്തരം കൂടി വന്നതിനാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൂടെ ഉള്ളവരാരും എന്റെ തലവെട്ടം കണ്ടാൽ മാറി നടക്കുന്ന അവസ്ഥയിൽ ആയി. അങ്ങനെ ആണ് പരോപകാരിയും ലളിത ജീവിതത്തിനു ഉടമയും സർവ്വോപരി എന്നെ കാണുമ്പോൾ ബഹുമാനത്തിൽ എഴുന്നേറ്റു നിൽകുകയും ചെയ്യാറുള്ള അഷറഫ് എന്ന ചേട്ടനെ ഈ ഉദ്യമത്തിലേക്ക് ഞാൻ തള്ളിയിടുന്നത്.
അഷ്‌റഫ്‌ ചേട്ടന് ഇപ്പൊ എത്രയാ റന്റ്? എന്റെ ചോദ്യം. 120 ദിനാർ.
ഞാൻ: ഉയ്യോ? എന്റെ ദൈവമെ..അത്രേ ഉള്ളോ? എനിക്കും കൂടെ ആ റന്റിൽ ഒരു വീട് കണ്ടു പിടിച്ചു തരുമോ?
“മോളെ ഇതൊരു പഴയ ഫ്ലാറ്റാ. അധികം സൗകര്യം ഒന്നും ഇല്ല. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം”.
ഫ്ലാറ്റ് ഇച്ചിരി പഴയതായാലും കുഴപ്പം ഇല്ല. റന്റ് കുറച്ചു കുറഞ്ഞാൽ മതി എന്ന് ഞാൻ. ഫ്ലാറ്റ് ഉടനെ ശരിയാകും എന്ന വിശ്വാസത്തിൽ ഞാൻ തിരിച്ചു വീട്ടിലെത്തി.

പിറ്റേദിവസം നേരം വെളുത്തു. വേറെ എങ്ങും പോകാൻ ഇല്ലാത്തതു കൊണ്ട് പതിവ് പോലെ ഓഫീസില് എത്തി.
രഞ്ജിത് പാഞ്ഞു വരുന്നുണ്ട്. “ഞാന് ഇന്ന് ഡയറ്റിങ്ങാ..ഒന്നും തിന്നാന് കൊണ്ട് വന്നില്ല”. അവനെ ഞാന് ഓടിക്കാന് നോക്കി.
“ആ വായൊന്നു തുറന്നെ. കരി നാക്കാണോ എന്ന് നോക്കാനാ” എന്ന് അവന്.
“ഒന്ന് പോടാ.. എന്റേതു കരിനാക്കൊന്നും അല്ല. എന്റെ മനസും നാക്കും ഒക്കെ നല്ലതാ”.

രഞ്ജിത്: “അല്ല നിങ്ങള് ഇന്നലെ അഷറഫ് ചേട്ടനോട് എന്തിനാ അങ്ങനെ പറഞ്ഞത്?”
ഞാന് : “എന്ത് പറഞ്ഞു?”
രഞ്ജിത്: “നിങ്ങള്ക്ക് റന്റ് കൂടുതൽ ആണെന്ന് അങ്ങേരോട് പറഞ്ഞില്ലേ”
ഞാന്:പറഞ്ഞു. അതിനെന്താ?
രഞ്ജിത്:”അല്ല അങ്ങേര്ക്കു റെന്റ് കുറവാണെന്ന് പറഞ്ഞില്ലേ?”
ഞാന് :”അതിനെന്താ? നല്ല കാര്യം അല്ലേ” ?
രഞ്ജിത്: “നിങ്ങള്ക്ക് നല്ല കാര്യം. ഇന്നലെ രാത്രി അയാള്ക്ക് നോടിസു കിട്ടി. വാടക 10 ദിനാര് കൂട്ടി. നിങ്ങടെ ഒരു കരിനാക്ക്. അങ്ങേരു പാവം ആകെ ടെന്ഷന് ആയി പോയി”.
കരിനാക്കെടുത്തു വളക്കാതെ എന്ന് പലരോടും ഞാന് പറഞ്ഞിട്ടുണ്ട്.പക്ഷെ എന്റെ നാക്ക് കരി നാക്കാണെന്ന് ആരും ഇത് വരെ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ കഴിഞ്ഞ 3 പതിറ്റാണ്ടുകളായി എന്റെ കൂടെ നിന്ന എന്റെ നാക്ക് എനിക്കിട്ടു പണി തന്നിരിക്കുന്നു.
കൈയില് ഇരുന്ന കണ്ണാടി എടുത്തു നാക്ക് നീട്ടി നോക്കി. ഇല്ല.. കരിനാക്കൊന്നും ഇല്ല..
പട്രോള് വില കുറയും എന്നുള്പടെ നടത്തിയ ഒരു പ്രവചനവും ഇത് വരെ ഫലിചിട്ടുമില്ല… എന്നിട്ടും എന്റെ നാക്ക് ??
“നിങ്ങള് ഇനി ഈ കമ്പനിയെ കുറിച്ച് ഒന്നും പറയല്ലേ.. ഒത്തിരി പേര് വര്ക്ക് ചെയ്യുന്നതല്ലേ”..അവന് വീണ്ടും എനിക്കിട്ടു താങ്ങി.തിരിച്ചു കൊടുക്കാന് ശേഷിയില്ലാതെ ഞാന് ഇതികർതവ്യത മൂഡയായി ഇരുന്നു.
വൈകുന്നേരം അഷറഫ് ചേട്ടനെ കണ്ടു പതിവ് പോലെ 28 പല്ലും കാണിച്ചു ചിരിച്ചു. എയര് ഇന്ത്യ വിമാനത്തില് നിന്നിറങ്ങിയ മട്ടില് ഒരു തളര്ന്ന മറുചിരി മാത്രം തന്നു അങ്ങേരു വേഗം നടന്നു നീങ്ങി. (ഞാന് ഇനിയെന്തെങ്കിലും പറയും എന്ന് വിചാരിച്ചിട്ടാണോ എന്തോ?)
……………

രണ്ടു ദിവസമായി ഞാന് 4 പ്രാവശ്യം നാക്ക് വടിക്കുന്ന്ട്.
എന്നെ കാണുമ്പോള് രഞ്ജിത് അയ്യോ എന്ന് പറഞ്ഞു ഓടുന്നുമുണ്ട്. പക്ഷെ അഷ്റഫ് ചേട്ടന് മിണ്ടുന്നില്ല :(..

NB: വൈകുന്നേരം വീട്ടിൽ: പ്രതീക്ഷക്ക് വകയുള്ളതെന്തെങ്കിലും ഉണ്ടെങ്കില് കഴിക്കാം. ഇല്ലെങ്കില് ഇന്നും മെലിയാം എന്ന് മനസ്സില് കരുതി അടുക്കളയില് കയറി. “വിഷമിക്കണ്ട.. മീന് കറി വെച്ചിട്ടുണ്ട്”. അമ്മ പറഞ്ഞു.
പെണ്മക്കളുടെ മനസറിയാന് അല്ലേലും പെറ്റമ്മ തന്നെ വേണം . മിടുക്കി അമ്മ. മീന് കറിക്ക് ബദലായി ഒന്ന് പുകഴ്ത്തി നോക്കി.
“ഇനി കരിംകണ്ണിട്ടു അതും കൂടെ നശിപ്പിച്ചോ.. വേറെ കറി ഒന്നും വെച്ചിട്ടില്ല”.. 😦

Advertisements


ഏതു പോക്കണം കേട്ട നേരത്താണ് ആ ബുദ്ധി എന്റെ തലയില് ഉദിച്ചത് എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ. അല്ലെങ്കിലും കിട്ടാനുള്ള പണി പരശുറാം എക്സ്പ്രസില് കയറിയാണെങ്കിലും നമുക്ക് തന്നെ കിട്ടുമെന്ന് പറയുന്നത് വെറുതെയാണോ? പറഞ്ഞു വരുന്നത് വിശ്രമ വേളകള് ആനന്ദമാക്കാനുള്ള എന്റെ ചില ക്രിയാത്മകമായ(?) നീക്കങ്ങളെ കുറിച്ചാണ്.

അവധി ദിവസങ്ങളെ വര്‍ണാഭമാക്കാനുള്ള എന്‍റെ തീരുമാനം വീട്ടുകാര്‍ പ്രത്യേകിച്ചും പിതാശ്രീ ഒരു കയ്യടിയോടെയാണ് അംഗീകരിച്ചത്. ചുമ്മാ സിനിമ കണ്ടും പുട്ടടിച്ചും കളയുന്ന നേരം എങ്ങിനെയെങ്കിലും പ്രോടക്ടിവ്(?) ആയി ഉപയോഗിച്ചോട്ടെ എന്ന് കരുതി കാണും. പക്ഷെ എന്‍റെ ഏതു പുതിയ കാല്‍വെപ്പുകളെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്ന മാതാശ്രീ ഇത്തവണയും നെറ്റി ചുളിച്ചു. ഇനി ഇത് കൊണ്ട് എന്ത് മാരണം ആണോ ഇവള്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്ന ഒരു പുച്ച്ച ഭാവം ഞാന്‍ പക്ഷെ കണ്ടില്ല എന്ന് നടിച്ചു. വിശ്രമ വേളകള്‍ ആനന്ധമാക്കാന്‍ ഏറ്റവും പറ്റിയ പണി കൃഷി തന്നെയാണ്. ഭാരതത്തിന്റെ ഭാവി കര്‍ഷക രക്ഷയിലൂടെ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടല്ലോ കൃഷിയിലൂടെ പച്ച പിടിക്കുന്നതും സോഫ്റ്റ്‌വെയര്‍ അനലിസ്റ്റ് പണി ‘പോയി പണി നോകെടൈ’ എന്ന് പറഞ്ഞു വലിച്ചെറിയുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.

എന്‍റെ വിശ്രമ വേളകള്‍ വീട്ടുകാര്‍ക്ക് കൂടി പ്രയോജന പെടുത്തണം എന്ന സത് ഉദ്യേശ്യം മനസ്സില്‍ വെച്ച് കൊണ്ട് പൂച്ചെടി വളര്‍ത്തല്‍ തുടങ്ങിയാലോ എന്ന ചിന്തയും ഇല്ലാതില്ല. ഇത് വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ അല്ല. വെള്ളം ഒഴിക്കല്‍, വളം ഇടല്‍ മുതലായ ദേഹം അനങ്ങുന്ന പരിപാടി എല്ലാം എന്‍റെ തലയില്‍ നിന്നും ഒഴിവാക്കണം എന്ന കുരുട്ടു ചിന്തയാണെന്നു ചിലരെങ്കിലും എന്നെ തെറ്റിധരിചെക്കാം. നോ കമെന്റ്സ്. ചുമ്മാ ചെത്തിയും ചെമ്പരത്തിയും പോലെ സാധാ ചെടികള്‍ അല്ല ഓര്‍കിട്,ആന്തുരിയം മുതലായ കൂടിയ ഐറ്റംസ് വളര്‍ത്തി മനോരമ യുടെ കര്‍ഷക ശ്രീ മാസികയുടെ പുറം പേജില്‍ എന്‍റെ കളറു പടം അച്ചടിച്ച്‌ വരുന്നതും (തൂക്കിയിട്ടിരിക്കുന്ന ഓര്‍കിട് ചട്ടിയില്‍ പിടിച്ചു കൊണ്ട് നില്‍ക്കുന്ന എന്‍റെ സൈഡ് ഫേസ് ക്ലോസ് അപ്പ്‌) ഓര്‍കിട് ചെടികള്‍ കയറ്റുമതി ചെയ്തു ഒരു കൊച്ചു മുതലാളി ആകുന്നതും മനസ്സില്‍ കണ്ടു ഞാന്‍ കോരിത്തരിച്ചു.

പക്ഷെ കാശ് മുടക്കി കര്‍ഷക ശ്രീ ആകുന്നതിനോട് എന്‍റെ വീട്ടുകാര്‍ക്ക് പൊതുവില്‍ ഉള്ള വിമുഖത കൊണ്ടും, പരിപാടി ഒരു ബോക്സ്‌ ഓഫീസ് പരാജയം ആകുമെന്ന എന്‍റെ മാതാശ്രീയുടെ ഭീഷണി കൊണ്ടും പൂച്ചെടി വളര്‍ത്തല്‍ എന്ന ബിസിനസ്‌ സംരംഭം എനിക്ക് മുളയിലെ നുള്ളി കളയേണ്ടി വന്നു.


ആയിരം കോഴിക്ക് അര കാട എന്ന് പറഞ്ഞു വന്ന പത്ര പരസ്യം ഞാന്‍ കണ്ടത് ആയിടക്കാണ്‌. ഓര്‍കിട് പോയെങ്കില്‍ പോകട്ടെ അതിനെക്കാള്‍ എന്ത് കൊണ്ടും ലാഭം കാട വളര്‍ത്തല്‍ തന്നെ. കാടയാകുമ്പോള്‍ മുട്ടയും വില്‍ക്കാം ഇറച്ചിയും വില്‍ക്കാം. വേണമെങ്കില്‍ കുറച്ചു വീട്ടിലെ ആവശ്യത്തിനും എടുക്കാന്‍ പറ്റും. ഓര്‍കിട് പോലെ വെള്ളം ഒഴിക്കണ്ട, നൈലോണ്‍ വല വാങ്ങണ്ട, മുതലായ പ്രയോജനങ്ങളും ഉണ്ട്. എന്നാല്‍ കാടക്കൂട്ടിലെ നാറ്റം അടിച്ചു നാട്ടുകാര്‍ കല്ല്‌ പെറുക്കി ഏറിയും എന്ന കാരണം പറഞ്ഞു ആ വഴിയും എന്‍റെ അമ്മ അടച്ചു കളഞ്ഞു. ഒരു ബിസിനസ്‌ ടൈകൂണ്‍ ഏറ്റവും അധികം ഭയക്കേണ്ടത് സ്വന്തം വീട്ടുകാരെ തന്നെയാണെന്ന ഭീകര സത്യം അതോടെ എനിക്ക് മനസിലായി. പാമ്പ് കയറും എന്ന കാരണം പറഞ്ഞു മുയല്‍ വളര്‍ത്തല്‍, കൂണ്‍ വളര്‍ത്തല്‍ മുതലായ എന്‍റെ നവീന ബിസിനെസ്സ് ആശയങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ ആ വീട്ടുകാര്‍ വീണ്ടും തള്ളികളഞ്ഞു.


വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കു രണ്ടു കൂട് തേന്‍ വളര്‍ത്തല്‍ യുണിറ്റ് തുടങ്ങാം എന്ന ആശയം കത്തിയത് ഒരു അകന്ന ബന്ധുവിന്റെ കയില്‍ നിന്ന് തന്നെയാണ്. ഈച്ചപെട്ടിയും അടിസ്ഥാന വസ്തുക്കളും പുള്ളിക്കാരന്‍ തന്നെ തരും. ഞാന്‍ വെറുതെ അത് കൊണ്ട് വന്നു വീടിന്റെ പുറകു വശത്ത് വെച്ചാല്‍ മാത്രം മതി. ചുറ്റുവട്ടത്ത് റബ്ബര്‍ മരങ്ങള്‍ ഉള്ളത് കൊണ്ട് വേറെ പ്രത്യേകിച്ചു മുതല്‍ മുടക്ക് വേണ്ടി വരുന്നില്ല. തേനീച്ച കുഞ്ഞുങ്ങള്‍ നേരം വെളുക്കുമ്പോള്‍ റബ്ബര്‍ പൂവ് തേടി പൊക്കോളും. അത് കൊണ്ട് വീട്ടിലാര്‍ക്കും കുത്ത് കിട്ടുമെന്ന ഭയം വേണ്ടേ വേണ്ട. കാടയെ പോലെ, മുയലിനെ പോലെ വൃത്തി കെട്ട ജീവികളല്ല തേനീച്ചകള്‍. കൂടിനു ചുറ്റും അപ്പി ഇട്ടു നാറ്റം അടിപ്പിക്കില്ല. ഈച്ച, കൊതുക് മുതലായ ശല്യങ്ങള്‍ ഇല്ലേയില്ല. ദേഹം അനങ്ങി ഒന്നും തന്നെ ചെയ്യണ്ട എന്നതു കൊണ്ട് തന്നെ തേനീച്ച വളര്‍ത്തല്‍ എന്ന പദ്ധതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. വലിയ കാശ് മുടക്കും ഇല്ല. ഒരിക്കല്‍ ഫിറ്റ്‌ ചെയ്താല്‍ ബാക്കി കാര്യം എല്ലാം തേനീച്ചകള്‍ നോക്കിക്കൊള്ളും. മുന്‍പ് സമര്‍പിച്ച പദ്ധതികള്‍ എല്ലാം തള്ളിക്കളഞ്ഞ അനുഭവം ഉള്ളത് കൊണ്ട് ഈ ഐഡിയ വീട്ടില്‍ പറയാതെ എക്സിക്യുട്ടു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.


അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാവിലെ ഈച്ചപ്പെട്ടിയും, ഹണി എക്സ്ട്രക്ടര്‍, റാണി തേനീച്ച എന്നിവരെ കൊണ്ട് ബന്ധുവായ ചേട്ടന്‍ വീട്ടിലെത്തി. വീട്ടുകാര്‍ ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടല്ലോ. അങ്ങേരുടെ മുന്നില്‍ വെച്ച് ഒരു സീന്‍ ഉണ്ടാക്കണ്ട എന്ന് കരുതിയാകണം പിതാശ്രീ ഒരു ശ്രീനിവാസന്‍ സ്റ്റൈല്‍ ചിരി ചിരിച്ചു കൊണ്ട് എന്നെ നോക്കുക മാത്രമേ ചെയ്തുള്ളൂ. ഈച്ചപ്പെട്ടി അങ്ങേരു തന്നെ വീടിന്റെ പുറകു വശത്ത് ഫിറ്റു ചെയ്തു തന്നു. എന്നെ തല്ലികൊല്ലണോ ബോംബിട്ടു കൊല്ലണോ എന്ന സംശയം മാത്രമേ വീട്ടുകാര്‍ക്ക് ഉള്ളു എന്ന് എനിക്ക് മനസിലായി. അടൂര്‍ സിനിമയിലെ കഥാ പാത്രങ്ങളെ പോലെ വീട്ടുകാര്‍ മുഖത്തോട് മുഖം നോക്കി അന്നേ ദിവസം കഴിച്ചു കൂട്ടി.


ഒരു രണ്ടു മൂന്നു ആഴ്ചത്തേക്ക് തേനിച്ചകളെ ആരെയും ആ പ്രദേശത്തെങ്ങും കണ്ടില്ല. അത് കൊണ്ട് തന്നെ എന്‍റെ പദ്ധതി പൊളിഞ്ഞു എന്ന് വീട്ടുകാര്‍ക്ക് തോന്നിതുടങ്ങി. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ പഠിക്കും, എളുപ്പ വഴിക്ക് പകല് പോര മുതലായ ആപ്ത വാക്യങ്ങള്‍ ഇടയ്ക്കിടെ പ്രയോഗിച്ചു കൊണ്ട് എന്‍റെ ആത്മ വിശ്വാസം തകര്‍ക്കാന്‍ ചില ഭാഗത്ത്‌ നിന്നും ശ്രമം ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്‍റെ രണ്ടായിരത്തി അഞ്ഞൂറ് പോയതായി ഞാനും പതിയെ വിശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുന്നാമത്തെ ആഴ്ച മുതല്‍ പതിയെ പതിയെ തേനീച്ചകള്‍ കൂട്ടില്‍ വന്നു തുടങ്ങി. ‘എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ’എന്ന് എന്‍റെ വീട്ടുകാര്‍ക്ക് മനസിലായി. എന്‍റെ നേരെ ഓങ്ങിയ വാളുകള്‍ പതിയെ മടങ്ങുന്നതും അടൂര്‍ സിനിമ സത്യന്‍ അന്തികാട് സിനിമ പോലെ ഹാപ്പി ക്ലൈമാക്സ്‌ ആയതും ഞാന്‍ ലേശം അഭിമാനത്തോടെ നോക്കികണ്ടു.


എന്നാല്‍ എന്‍റെ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല. രാവിലെ മുറ്റമടിക്കാന്‍ വന്ന ഏലികൊചിന്റെ (ഏലികൊച്ചു അമ്മയുടെ വലം കൈ ആകുന്നു. ഒരു പണിയും ചെയ്യാത്ത പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്‍ ഏലികൊചിനെ പോലെ ഒരാള്‍ ഇല്ലെങ്കില്‍ അമ്മ എന്ത് ചെയ്തേനെ എന്തോ?) തിരു നെറ്റിയില്‍ എന്‍റെ തേനീച്ച ആദ്യത്തെ കുത്ത് കൊടുത്തു. എന്നാല്‍ എലികൊചിന്റെ പ്രകോപന പരമായ മുറ്റമടിയില്‍ തേനിച്ചകൂട് ഇളകിയതായും തേനീച്ച നിവൃത്തിയില്ലാതെ കുത്തി പോയതാണെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. ഒരു 100 രൂപയില്‍ ആ പ്രശ്നം ഒതുക്കി തീര്‍ത്തു.


എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ കൂടുതല്‍ സംഭവ ബഹുലമായി എന്‍റെ മിച്ചമുണ്ടായിരുന്ന സമാധാനം കൂടെ തകര്‍ക്കാന്‍ പോന്നതായിരുന്നു. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് വീട്ടിലെ ഏതെങ്കിലും ലൈറ്റ് തെളിഞ്ഞാല്‍ ബോധമില്ലാത്ത ആ തേനീച്ചകള്‍ വീടിന്റെ ഭിത്തിയില്‍ വന്നു കുത്തിയിരിക്കുമെന്ന മാതാശ്രീ യുടെ പരാതി ഞാന്‍ ആദ്യമൊക്കെ കേട്ടില്ല എന്ന് വെച്ചു. എന്നാല്‍ അടുത്ത വീട്ടിലെ ചേച്ചി രാവിലെ എഴുന്നേറ്റു ലൈറ്റ് ഇട്ടപ്പോള്‍ അവരുടെ അടുക്കളയില്‍ തേനീച്ച കയറി എന്നത് നിസ്സാരമായി തള്ളികളയാന്‍ പറ്റുന്നതായിരുന്നില്ല. ചുറ്റുവട്ടത്തുള്ള ആരെയും സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ലൈറ്റ് ഇടാന്‍ തെനീച്ചകുട്ടന്‍മാര്‍ സമ്മതിച്ചില്ല. ‘ഇവരെന്തിനാ നേരം വെളുക്കുന്നതിനു മുന്‍പേ അടുക്കളയില്‍ കയറി ലൈറ്റ് ഇട്ടതു’ എന്ന് എന്‍റെ അസമയത്തുള്ള തമാശ വീട്ടില്‍ മറ്റൊരു കോലഹലം ഉണ്ടാക്കി. സത്യന്‍ അന്തികാടിന്റെ ഫാമിലി entertainer സിനിമ ഷാജി കൈലാസിന്റെ ഇടിപ്പടം ആകാന്‍ അധികം താമസം ഉണ്ടായില്ല. ഇതിനിടെ തെങ്ങിന്റെ ചുവട്ടില്‍ ചാരം കൊണ്ട് പോയി ഇടാന്‍ ചെന്ന മാതാശ്രീയുടെ കൈയില്‍ തേനീച്ച രണ്ടു കുത്ത് സ്പെഷ്യല്‍ ആയി കൊടുക്കുകയും ഉണ്ടായി.


സ്വന്തം ഭാര്യയെ ഉപദ്രവിച്ച ഈച്ചയെ ഇനി ഈ കുടുംബത്തില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന ധീര പ്രതിജ്ഞ എടുത്തു തീപ്പന്തവും ആയി ചെന്ന അച്ഛന്റെ മൂക്കിലും കിട്ടി രണ്ടു കുത്ത്. പന്തം പോയ വഴിക്ക് പിന്നെ പുല്ലു പോലും കിളിര്‍ത്തില്ല. ആഴ്ചയില്‍ ഒരിക്കല്‍ ചെല്ലുനത് കൊണ്ട് ഇത്തരം അനുഭവങ്ങള്‍ കേട്ട് ഞെട്ടി ഇരിക്കാന്‍ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. എന്തരോ എന്തോ എന്നെ ഇത് വരെ കുത്തിയിട്ടില്ല. തേനീച്ചയെ ഒഴിപ്പിക്കാന്‍ അച്ഛന്‍ ബന്ധുവായ ചേട്ടനെ വിളിക്കാന്‍ പോയിട്ടുണ്ടെന്നും ഉടനെ തന്നെ മേല്‍ നടപടി ഉണ്ടാകുമെന്നും അറിവായിട്ടുണ്ട്. എങ്കിലും എന്‍റെ രണ്ടായിരത്തി അഞ്ഞൂറ് രൂപ!!!

ആഴ്ചയില്‍ രണ്ടു ദിവസം അവധി കിട്ടുന്നത് നല്ലതാണോ എന്ന് എന്നോട് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. ശെടാ… ഇവളേത് കോത്താഴത്തുകാരി എന്നല്ലേ ഇപ്പോള്‍ ചോദിച്ചത്?ഒരു അനുഭവം വരട്ടെ അപ്പോള്‍ കാണാം.

കല്യാണം,ഹൌസ് വാമിംഗ് , 28 കെട്ട്, പിറന്നാള്‍, പതിനാറടിയന്ത്രം ഇത്യാദി എല്ലാ ആഘോഷങ്ങളും സണ്‍‌ഡേ കൊണ്ട് പോയി ആഘോഷിക്കുന്ന ആള്‍ക്കാരാണല്ലോ നമ്മള്‍. അതാകുമ്പോള്‍ ആര്‍ക്കും പരാതിയില്ല. ലീവ് കിട്ടിയില്ല, ഡോക്ടറുടെ അടുത്ത് പോയിരുന്നു മുതലായ യുഷുല്‍ എക്സ്കുസേസ് ഒന്നും ചിലവാകില്ല. പ്രത്യേകിച്ചു വീട്ടില്‍ മിഡില്‍ എജെട് ലേഡീസ് (അമ്മ, അമ്മായി ആ ഗണത്തില്‍ പെടുന്നവര്‍) ഉണ്ടെങ്കില്‍. “അയ്യോ നീ വരുന്നില്ലേ? ആള്‍ക്കാര്‍ എന്നോടാ ചോദിക്കുന്നെ. എനിക്ക് വയ്യ എല്ലാരോടും മറുപടി പറയാന്‍. ഹും.. പിള്ളേരൊക്കെ ഒരുപാടു വളര്‍ന്ന്നു പോയി. ഇനി ഇപ്പോള്‍ വളര്‍ത്തിയവരെ ഒന്നും വകവേക്കേണ്ട കാര്യം ഇല്ലല്ലോ… എന്നിട്ടൊടുവില്‍ ഒരു ദീര്‍ഖ നിശ്വാസവും. ഷെയര്‍ മാര്‍കെറ്റില്‍ നഷ്ടം വന്നപോലെ ഒരു കൈ താടിയില്‍ കുത്തി അവിടെ ഇരിക്കും. തീര്‍ന്നു നമ്മുടെ അവധി ദിവസം അലംബാക്കാനുള്ള സകല മൂഡും അതോടെ തീരും. ഇനി വീട്ടില്‍ ഇരിക്കാന്‍ മനസാക്ഷിയുള്ള ഒരു മകന്‍/മകള്‍ക്ക് പറ്റുമോ? ആഴ്ചയിലോരിക്കല്‍ ഹോസ്റ്റലില്‍ നിന്ന് വന്നതല്ലേ അവധിയാണല്ലോ, ഇന്നിനി കുളിക്കണ്ട പുറത്തിറങ്ങാതെ പുട്ടടിച്ചു വീട്ടിലിരിക്കാം എന്നു രാവിലെ എടുത്ത തീരുമാനം നമ്മള്‍ മാറ്റുന്നു..നേരെ ബാത് റൂമിലേക്ക്‌ ഓടുന്നു.

നഷ്ടം വന്ന ഷെയര്‍ ബ്രോക്കര്‍ വ്യാകുലതകള്‍ മാറ്റിവെച്ചു ഇതിനോടകം എഴുന്നേറ്റു സാരി മാറാന്‍ തുടങ്ങിയിട്ടുണ്ടാകും. എന്നിട്ട് കുളിമുറിയുടെ വാതില്‍ക്കല്‍ പതുക്കെ മുട്ടും.”അതെ മുഹുര്‍ത്തം 11 മണിക്കാ…വേഗം കുളിചിട്ട് ഇറങ്ങു”.11മണിയുടെ കല്യാണത്തിന് 9.30 ആകുമ്പോഴേ ബഹളം വെക്കുന്നതെന്തിനാണോ എന്തോ? എല്ലാ ആഘോഷങ്ങളുടെയും പുറകില്‍ ഒരൊറ്റ ലക്‌ഷ്യം മാത്രമേ ഉള്ളു. ഫുഡ്‌ അടിക്കണം. ശരിക്കും പറഞ്ഞാല്‍ സദ്യ ഇല്ലെങ്കില്‍ ആരെങ്കിലും കല്യാണത്തിന് പോകുമോ ? പിറന്നാള്‍ ആഘോഷത്തിനു ഫണ്‍ സ്കൂളിന്റെ കളിപ്പാട്ടം (അതും 500 രൂപയുടെ) വാങ്ങി ആരാന്റെ കൊച്ചിന് കൊണ്ട് പോയി കൊടുക്കുമോ? അപ്പോള്‍ പിന്നെ എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നെ? സദ്യയുടെ സമയം ആകുമ്പോള്‍ അങ്ങെത്തിയാല്‍ പോരെ? ഇതെല്ലം നമ്മുടെ മാത്രം ന്യായങ്ങള്‍ ആണ്. വേറെ ഒരിടത്തും ചിലവാകില്ല.

അങ്ങനെ ഒരു മണിക്കൂര്‍ എടുക്കുന്ന യുഷുല്‍ കുളി പത്തു മിനിറ്റ് ആക്കി വെട്ടി ചുരുക്കി നമ്മള്‍ ഒരു പോക്കണം കെട്ട ഒരു ചുരിദാര്‍ എടുത്തിടുന്നു. ഇന്നത്തെ യാത്ര വകയില്‍ ഒരു ആയിരം രൂപ പൊടിയും എന്നു മനസ്സില്‍ കണക്കു കൂട്ടി ക്രീം. ടാല്കം പൌഡര്‍, ഐ ലൈനെര്‍ ഇതെല്ലം വാരി അണിഞ്ഞു തലമുടി കെട്ടി മുറിക്കു പുറത്തിറങ്ങുമ്പോള്‍, കഥയിലെ വില്ലന്‍ (വില്ലത്തി) രംഗ പ്രവേശം ചെയ്യുന്നു. ഇത് പ്രായത്തില്‍ നമ്മളെക്കാള്‍ കുറഞ്ഞതും കുരുത്തക്കേടില്‍ ഡബിള്‍ MA എടുത്തതും ആയ ഏതെങ്കിലും ഒരു കസിന്‍ (അല്ലെങ്കില്‍ സ്വന്തം കൂടപ്പിറപ്പ് തന്നെ ) ആയിരിക്കും. അയ്യേ ഇതെന്തു കോലം? ഈ ചുരിദാര്‍ ആണോ ഇടുന്നത് ? ഇതിട്ടോണ്ട് ആരേലും കല്യാണത്തിന് പോകുമോ ? ഈ തലമുടി എന്ത് കാണിച്ച വെചെക്കുന്നെ ? അമ്മെ ഇങ്ങോട്ട് വന്നൊന്നു നോക്കിക്കേ ? നിക്കറില്‍ മൂത്രം ഒഴിച്ച 3 വയസുകാരനെ പോലെ നമ്മള്‍ തലയും താഴ്ത്തി നില്‍കുമ്പോള്‍ സാരിയുടെ മുന്താണി (മുന്‍ വശത്ത് ഫ്രില്ല് പോലെ വെക്കുന്ന ഭാഗം) കൈയില്‍ പിടിച്ചു വായില്‍ സേഫ്ടി പിന്‍ കടിച്ചു പിടിച്ചു കൊണ്ട് നേരത്തെ പറഞ്ഞ കക്ഷി വീണ്ടും വരും. ചില സാമ്പിള്‍ ടയലോഗ് ഇതാ: “അല്ലെങ്കിലും ഇതിനു വല്ല വകതിരിവും ഉണ്ടോ? എന്നാല്‍ നാലാള് കൂടുന്നതാ അതിനെകിലും ഒന്ന് വൃത്തിക്ക് നടന്നു കൂടെ? അവളുടെയൊരു കൂറ ചുരിദാറും… വീര്‍പ്പിച്ചു കെട്ടിയ മുഖവും. ഓരോ പിള്ളേര്‍ എങ്ങിനെയൊക്കെയ നടക്കുന്നതെന്ന് കാണണം . ഇത് മനുഷ്യനെ നാണം കെടുത്താന്‍ തന്നെ ഇറങ്ങിക്കോളും . വാക്കുകളുടെ ഈ കൂട്ടപ്പോരിച്ചിലില്‍ നമ്മള്‍ എന്ത് പറയാന്‍? അസമയത്ത് കേറി വന്ന ആ ജന്തുവിനെ (കൂടപ്പിരപ്പെന്നു പേരും) ദഹിച്ചു പോകുന്ന ഒരു നോട്ടം നോക്കിയിട്ട് നമ്മള്‍ സ്വന്തം മുറിയിലേക്ക് മടങ്ങുന്നു.

“കഴിഞ്ഞ മാസം മേടിച്ച ആ പച്ച സാരി ഇരിപ്പില്ലേ? അത് മതി.” എന്നൊരു ഉറക്കെയുള്ള ആത്മഗതം. പല്ല് കടിച്ചു ഇറുമ്മി പറയാവുന്ന തെറി ഒക്കെ മനസ്സില്‍ പറഞ്ഞു കൊണ്ട് നമ്മള്‍ സാരി എടുത്തു ഉടുക്കുന്നു. പതിവില്ലാത്ത പണിയായത് കൊണ്ട് അര മണിക്കൂറോളം എടുത്തു പണ്ടാരം വാരി ചുറ്റി റെടി ആകുന്നു. പിന്നെയും കണ്ണാടി നോക്കുന്നു, തിരിയുന്നു… ഇല്ല ശരിയകുന്നില്ല.ശരീരത്തിന്റെ എവിടെയൊക്കെയോ കാറ്റ് കയറുന്നത് പോലെ ഒരു തോന്നല്‍. മുടി ഒന്ന് കൂടെ ചീകി കെട്ടി ഏകദേശം ഒരു 10 . 45 മണിയോടെ വീട് പൂട്ടി പുറത്തു ചാടുന്നു. അടീഷണല്‍ ആയി രണ്ടു വള, കട്ടിയുള്ള ഒരു മാല (അബ്കാരി മുതലാളി മാരെ ഓര്‍ക്കുക) തലേന്ന് വാങ്ങി വെച്ചിരിക്കുന്ന മുല്ലപ്പൂ എന്നിവ ഇതിനോടകം നമ്മുടെ ദേഹത്ത് ചാര്‍ത്തി തരും. പാതി ചത്ത അവസ്ഥ യില്‍ ആയതുകൊണ്ട് എപ്പോള്‍ , ആര് ഇതൊന്നും നമ്മള്‍ ശ്രധിക്കുന്നതെയില്ല.

“കല്യാണ സ്ഥലത്ത് ചെല്ലുന്നത് വരെ അച്ഛന്‍, അമ്മ , മറ്റേ കുടിലബുദ്ധി എന്നിവരുടെ വിലപെട്ട ഉപദേശ നിര്‍ദേശങ്ങളും കേട്ടു നമ്മള്‍
വണ്ടിയില്‍ മിണ്ടാതെ കുത്തി ഇരിക്കുന്നു. വണ്ടിയില്‍ നിന്നറങ്ങാന്‍ നേരം “ഇനി മുഖം കുത്തി വീര്‍പിച്ചു ആള്കരെകൊണ്ട്‌ അതുമിതും പറയിക്കണ്ട” .. ഫൈനല്‍ വാണിംഗ്.

“ആള്‍ക്കാര്‍ അതുമിതും പറയാതിരിക്കാന്‍,വീടുകാരുടെ അഭിമാനം നഷ്ട പെടാതിരിക്കാന്‍ നമ്മള്‍ മുഖത്ത് ഒരു പുഞ്ചിരി ഒട്ടിച്ചു വെക്കുന്നു. രാവിലെ കേട്ട ചീത്ത വിളിയുടെ നൊമ്പരം ഹൃദയത്തില്‍ ഒളിപ്പിച്ചു വെച്ച് വണ്ടിക്കു പുറത്തേക്കിറങ്ങുന്നു.

“ഇനി കല്യാണ സ്ഥലത്തേക്ക്.
“അവിടെ ചെന്നാലോ?

“അമ്മായി,വല്യമ്മ,കൊച്ചമ്മ,ചിറ്റമ്മ,മാമി,പേരമ്മ മുതലായ പേരുകളില്‍ നമ്മള്‍ വിളിക്കുന്ന എല്ലാവരും ഒരിടത്ത് നില്‍ക്കുന്നു. അങ്ങോട്ട്‌ ചെന്ന് ആതമഹത്യ ചെയ്യണോ അതോ ഇങ്ങോട്ട് വന്നു കൊല്ലുനത് വരെ വെയിറ്റ് ചെയ്യണോ എന്ന ഡൌട്ടടിച്ചു നമ്മള്‍ നില്‍കുംപോഴേക്കും കൈയില്‍ പിടിച്ചു വലിച്ചു നമ്മളെ അവിടെ എത്തിക്കുന്ന പണി മാതാശ്രീ ചെയ്തോളും. ഇനി കുറെ നേരം വീട്ട് വിശേഷം ഒക്കെ പറഞ്ഞു കഴിഞ്ഞു പതുക്കെ അടുത്ത വീട്ടിലെ ഒളിച്ചോടിയ പെണ്ണിന്റെ കഥയും ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുന്ന ഭാനുമതിയുടെ ദുര്‍ നടത്തയും ഒക്കെ പറഞ്ഞു വരുമ്പോഴേക്കും മുഹൂര്‍ത്തം ആകുന്നു. അയ്യേ ഇതാണോ പെണ്ണ്? ചെറുക്കന്‍നെകാളും പ്രായം തോന്നിക്കുന്നുണ്ട് അല്ലെ… എന്നീ കമെന്റുകളുടെ അകമ്പടിയോടെ എല്ലാ കണ്ണുകളും മണ്ഡപത്തിലേക്ക് ഫോക്കസ് ചെയ്യന്നു.

“കല്യാണ സാരിയുടെ താരതമ്യ പഠനം , സ്വര്‍ണത്തിന്റെ വിലക്കയറ്റം മുതലായ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ഇനിയാണ് ചര്‍ച്ച ചെയ്യപെടുക. താല്പര്യം ഇല്ലാത്ത വിഷയത്തില്‍ തലയീടു കുളംമാക്കണ്ട എന്നു വിചാരിച്ചു മുങ്ങാന്‍ തുടങ്ങുമ്പോള്‍ സദ്യയുടെ സമയം ആയി. ഹാളിന്‍റെ എല്ലാ വാതിലും പൂട്ടി ഇട്ടിട്ടു വലിയ വയറുള്ള ചേട്ടന്‍മാര്‍ കാവല്‍ നില്‍ക്കുന്നുണ്ടാകും. ഗ്രഹിണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ ഹാളിനുള്ളിലേക്ക് ആര്‍ത്തിയോടെ നോക്കി കൊണ്ട് രണ്ടായിരത്തോളം കണ്ണുകള്‍. ഇനി നടക്കാന്‍ പോകുന്നത് ഒരു കുരുക്ഷേത്ര യുദ്ധമാണ്. ഇല കിട്ടാനും ആദ്യത്തെ പന്തിയില്‍ ഇരിക്കനുമുള്ള ആക്രാന്തം കണ്ടാല്‍ അടുത്ത കാലത്ത് എങ്ങും കഞ്ഞി കുടിച്ചിട്ടില്ല എന്നു തോന്നും. ഹാളിന്‍റെ വാതില്‍ തുറക്കേണ്ട താമസം യുദ്ധം തുടങ്ങുകയായി . കയ്യൂക്കുള്ള അമ്മച്ചിമാര്‍ ആദ്യം കയറും. പക്ഷെ ഈ ഇടിയില്‍ നമ്മള്‍ പുറംതള്ളപെട്ടുപോകും. അത്രയും നേരം നമ്മുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് നിന്ന പെറ്റ തള്ള പോലും ഹാളിനുള്ളില്‍ കയറാന്‍ നേരംനമ്മളെ പുറം കാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞു കളയും.
“ആദ്യത്തെ പന്തി ഇരുന്നു കഴിഞ്ഞാല്‍ പുറം തള്ളപ്പെട്ടുപോയ രണ്ടാം കിടക്കാര്‍,മാറി നിന്നൊരു വിശേഷം പറച്ചില്‍ ഉണ്ട്. “ഹോ അല്ലേലും അവിടെയൊക്കെ പോയി ഇടിച്ചു തല്ലാന്‍ ആരെക്കൊണ്ടു പറ്റും? എനിക്ക് വയ്യ ഇങ്ങനെ നാണം കേട്ടു കടിപിടി കൂടാന്‍. അടുത്ത പന്തിക്കിരിക്കാം”.

“ഇനിയാണ് കാണേണ്ട കാഴ്ച,പായസം വിളമ്പുന്ന സമയം നേരത്തെ പറഞ്ഞ അഭിമാനികള്‍ പിന്നെയും ഹാളിനുള്ളിലേക്ക് കയറും. ഒറ്റ നോട്ടത്തില്‍ ആരൊക്കെ പായസം കഴിച്ചു തുടങ്ങി എന്നു മനസിലാക്കിയ ശേഷം അവരുടെ പുറകില്‍ ചെന്ന് കഴിച്ചു തീരുന്നത് വരെ ഇലയിലെക്കും നോക്കി വെള്ളം വിട്ടു ഒരു നില്പുണ്ട്. നമ്മളെ പോലെ ഇത്തിരി ചമ്മല്‍ ബാക്കിയുള്ളവര്‍ ഹാളിനു വെളിയില്‍ നിന്ന് അകത്തേക്ക് നോക്കി കൊണ്ട് ഇനി എന്‍റെ നമ്പര്‍ എന്നു മനസ്സില്‍ വിചാരിക്കും. ഒടുവില്‍ സദ്യയും ഉണ്ട് നമ്മള്‍ പുറത്തിറങ്ങും മുന്‍പ് ഒരു ഫോട്ടോ സെഷന്‍ കൂടി തീരാന്‍ ഉണ്ട്. അത്രയും നേരം വിശപ്പും കെട്ടു വന്നവരെ എല്ലാം നോക്കി ചിരിച്ചു കാണിച്ചു മടുത്തു പോയ രണ്ടാത്മാക്കള്‍ പിന്നെ നമ്മുടെ ഒപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതോടെ കല്യാണ മഹാമഹത്തിന് കര്‍ട്ടന്‍ വീഴുന്നു. പിന്നെ ചെറുക്കന്‍ രണ്ടാം വയസില്‍ കരപ്പന്‍ വന്നപ്പോള്‍ ചികിത്സിച്ച വൈദ്യന്‍ വരെ വന്നു സ്വയം പരിചയ പെടുത്തും.

“ആളെണ്ണം തികച്ചു യാത്ര പറഞ്ഞു പോന്നില്ലേല്‍ വണ്ടിക്കകത്തു പിന്നെയും പാണ്ടിമേളം മുറുകുമല്ലോ എന്നു വിചാരിച്ചു ആളാം വീതം ഓരോരുത്തരെയും നമ്മള്‍ കെട്ടിപ്പിടിച്ചു യാത്ര പറയുന്നു. തിരികെ വീണ്ടും വണ്ടിയിലേക്ക്. “പെണ്ണ് അത്ര പോര അല്ലെ? സദ്യയും വല്യ നല്ലതൊന്നും അല്ലായിരുന്നു. ചേച്ചി പറയുവാ അവസാനത്തെ പന്തിയിലോന്നും അവിയല്‍ കിട്ടിയെല്ലെന്ന്. നിനക്ക് കിട്ടിയാരുന്നോ? ഇല്ലേല്‍ പോട്ടെ ഇനി വീട്ടില്‍ ചെന്നിട്ടു വല്ലതും സമാധാനമായി കഴിക്കാം.”

“അങ്ങനെ ഒരു അവധി ദിവസം കൂടി കുളമായി.

“ഇനി പറയു നിങ്ങള്‍ക്ക് holidays ഇഷ്ടമാണോ?

അനുസ്യുതം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശരീരത്തിന്‍റെ ഉടമ എന്ന നിലയില്‍ എനിക്കുള്ള ഉത്കണ്ടയെയും വൈക്ലബ്യതയെയും സര്‍വോപരി മാനഹാനിയെയും പറ്റി ഞാന്‍ ഇതിനു മുന്‍പേ ഒരു സൂചന തന്നിട്ടുള്ളതാണല്ലോ.

കുടിക്കുന്ന പച്ചവെള്ളം പോലും (പാലും പാല്‍ ഷേക്കും ഞാന്‍ പച്ചവെള്ളം ആയിട്ടാണ് കണക്കാക്കുന്നത്) ശരീരത്തില്‍ പിടിച്ചു കയറി കൊഴുപ്പായി അടിഞ്ഞു കൂടി, ഭരണിയിലും മേല, ചാക്കിലും മേല എന്ന പരുവത്തില്‍ ആയപ്പോഴാണ് ഞാന്‍ ഫിറ്റ്നെസിനെകുറിച്ചു ചിന്തിച്ചു കുന്തലതയായത്‌. അത് വരെ “വളരുന്ന പ്രായമല്ലേ കൊച്ചു തിന്നോട്ടെ” എന്ന വീട്ടുകാരുടെ പ്രചോദനം ഉള്‍ക്കൊണ്ട്‌ കൊണ്ട് വിശപ്പ്‌ എന്ന സാധനം എന്താണെന്നു മനസിലാക്കാന്‍ പോലും ശ്രമിക്കാതെ ഉദര സേവ ചെയ്തിരുന്ന ഒരു സാദാ തങ്കമണി ആയിരുന്നു ഞാന്‍. റെയില്‍വേ സ്റ്റേഷനിലെ പൈസ ഇടുമ്പോള്‍ തൂക്കം പറയുന്ന മഷീനില്‍ കയറി ഒരു ദിവസം ഉണ്ടായ ഞെട്ടലില്‍ നിന്നാണ് ഞാനും ഒരു തടിച്ചി ആണെന്ന സത്യം ഞാന്‍ മനസിലാക്കിയത്. 60-65 എന്ന് വിചാരിച്ചു കയറി നിന്ന എന്നെ 72 ല്‍ എത്തിച്ചിട്ടെ കുന്ത്രാണ്ടം കറക്കം നിര്‍ത്തിയുള്ളൂ.

സാലറി കിട്ടുമ്പോള്‍ ഉള്ള ഔടിങ്ങും ഇടക്കിടെയുള്ള ബെര്‍ത്ടെ, അപ്പ്രൈസല്‍, സണ്ടേ പാര്‍ട്ടികള്‍ എല്ലാം ചേര്‍ത്ത് എന്നെ ഈസ്ടറിനു വെട്ടാന്‍ പാകമായ പന്നിക്കുട്ടനെ (കുട്ടന്‍റെ സ്ത്രീലിംഗം കുട്ടിയാണോ?) പോലെ ആക്കിത്തീര്‍ത്തു. അങ്ങനെ ഞാനും തടിച്ചിയായി കഴിഞ്ഞു. ഇനി ഉള്ള ഏക പോംവഴി എങ്ങനെയും തടി കുറയ്ക്കുക എന്നാണല്ലോ. തടിയുള്ള സുന്ദരിമാരെ പൊതുവില്‍ ആരും വായിനോക്കില്ല എന്നുള്ള നഗ്ന സത്യവും ഞാന്‍ ഇതിനോടകം മനസിലാക്കിയിരുന്നു. എങ്ങനെയും തടി കുറച്ചു സുന്ദരി ആകാനുള്ള എന്‍റെ ശ്രമങ്ങളും അതിനായി ഞാന്‍ കണ്ടെത്തിയ വഴികളിലൂടെയും ഒരു യാത്ര.

മെലിയാനുള്ള തീവ്ര പ്രയത്നം നടത്തുന്ന എല്ലാ പെണ്‍കുട്ടികളെയും പോലെ ഞാനും ഭക്ഷണം ഉപേക്ഷിച്ചു പെട്ടെന്ന് മെലിഞ്ഞുണങ്ങാന്‍് ഒരു വ്യര്‍ത്ഥ ശ്രമം നടത്തി നോക്കി. ആനയും പനംപട്ടയും പോലെ, കൊതുകും ചോരയും പോലെ, ഞാനും പഴങ്കഞ്ഞിയും തമ്മില്‍ ജന്മാന്തരങ്ങളോളം നിലനിന്നിരുന്ന തീവ്ര ബന്ധം അങ്ങനെ മുറിഞ്ഞു പോയി എന്നത് മാത്രം മിച്ചം. 72 ല്‍ നിന്ന സൂചി ആന പിടിച്ചാലും ഞാന്‍ പുറകോട്ടില്ല എന്ന മട്ടില്‍ എന്നെ നോക്കി പല്ലിളിച്ചു.ആദ്യമായി വിശപ്പിന്റെ വിളി എന്താണെന്നും അതിന്റെ വേദന എന്താണെന്നും ഞാന്‍ മനസിലാക്കി. കാപ്പി, ചായ ഇത്യാദി പാനീയങ്ങളുടെ കലോറി കണക്കാക്കി എഴുതി വെക്കുകയും ഓരോ തവണ കാപ്പി കുടിക്കുമ്പോള്‍ എന്റെ ശരീരം എത്ര മാത്രം കൊഴുപ്പ്‌ ആഗിരണം ചെയ്യുന്നു എന്നും ഞാന്‍ കാണാതെ പഠിച്ചു. പഠിച്ചതല്ലാതെ കാപ്പിയോ മില്‍ക്ക് ഷേക്കോ വേണ്ടെന്നു വെക്കാന്‍ എന്റെ ഇളം മനസിന്‌ കടുപ്പമില്ലാതെ പോയി. അങ്ങനെ ഭക്ഷണം കുറച്ചു മെലിയാന്‍ ഈ ജന്മം എനിക്ക് കഴിയില്ല എന്ന് എനിക്ക് ബോധ്യമായി തുടങ്ങി.

ഇനിയെന്ത് എന്ന മട്ടില്‍ 72 ലെ സൂചിയെ നോക്കി ഇതി കര്‍ത്തവ്യതാ മൂഢയായി നിന്ന എന്നെ നോക്കി സനാതന യോഗ സംഘം എന്ന ബോര്‍ഡ് മാടി വിളിച്ചു. അതെ അത് തന്നെ വഴി. അതി പുരാതനമായ ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ യോഗ. എന്റെ വണ്ണം കുറഞ്ഞു യോഗ സംഘത്തിന്റെ ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ഒറ്റ മുണ്ടുടുത്ത സാമിയെ പോലെ ആയി തീരുന്നത് ഞാന്‍ പല രാത്രികളിലും സ്വപ്നം കണ്ടു. തല കുത്തി കാല് മേപ്പോട്ടാക്കി കിടന്നും, തവളച്ചാട്ടം മറിഞ്ഞും, അപ്പുറത്തെ പാക്കരന്‍ ചേട്ടന്റെ പട്ടി കാണിക്കുന്നത് പോലെ നട്ടെല്ല് വളച്ച് കുത്തിയും ഞാന്‍ മൂന്ന് മാസം കസര്‍ത്ത് കാണിച്ചു നോക്കി. “യോഗയാണ് ദേഷ്യം കുറയും, മനസ് നിയന്ത്രിക്കാന്‍ പഠിക്കും, തലച്ചോറ് വികസിക്കും” എന്നൊക്കെ ഗോപിനാഥന്‍ നായര്‍ (എന്‍റെ പിതാവ്) പറഞ്ഞതല്ലാതെ വേറെ ഒരു മാറ്റവും എനിക്കുണ്ടായില്ല. സ്വതവേയുള്ള ഒരു അക്ഷമ ഈ കാര്യത്തിലും എന്നെ പുറകോട്ടു പിടിച്ചു. 3 മാസത്തിനപ്പുറം ഞാന്‍ അതും വിട്ടു. ഓര്‍ക്കണേ, സൂചി ഇപ്പോഴും 70-72 ല്‍ തന്നെ നില്‍ക്കുവാണ്.

അങ്ങനെ എന്‍റെ രണ്ടു അറ്റംപ്ടുകള്‍ പരാജയം അടഞ്ഞു. കണ്ടറിയാത്തവന്‍ കൊണ്ടാല്‍ മാത്രമേ പഠിക്കൂ എന്ന ആപ്ത വാക്യത്തില്‍ വിശ്വസിച്ചിരുന്ന കൊണ്ടും അനുസരണ ശീലം വളരെ നല്ലത് പോലെ ഉള്ളത് കൊണ്ടും ഞാന്‍ പിന്‍വാങ്ങാന്‍ തയാറായില്ല. അങ്ങനെയാണ് ഞാന്‍ വെളുത്ത മുണ്ടുടുത്ത, വെള്ള ഷര്‍ട്ട്ഇട്ട തലമുടി പഞ്ഞി പോലെ നരച്ച പുതിയ ഒരു കഥാ പാത്രത്തെ പരിചയ പെടുന്നത്. ടയട്ടിംഗ് കൊണ്ടും യോഗ കൊണ്ടും നേരെയകാത്ത എന്നെ പ്രകൃതി ചികിസ്തയിലൂടെ നാരന്‍ ചെമ്മീന്‍ പോലെയാക്കാം എന്ന് അങ്ങേരു തറപ്പിച്ചു പറഞ്ഞൂ. പഞ്ഞി കെട്ടിയ ആ തല ഒരു മാലാഖയുടെതാണെന്നും അതിനു ചുറ്റും ഒരു ഓറ കറങ്ങി നടപ്പുണ്ടെന്നും എനിക്ക് തോന്നി. ഒറ്റ മുണ്ടുടുത്ത സാമി എന്‍റെ സ്വപ്നങ്ങളില്‍ നിന്നിറങ്ങി പോവുകയും പകരം പഞ്ഞി വെച്ച മാലാഖ കയറി വരികയും ചെയ്തു. വാഴ പിണ്ടി നീരും, കൂവളത്തിലയും, പേരറിയാന്‍ മേലാത്ത വേറെ കുറെ പച്ചിലകളും കൂട്ടിയരച്ചു രാവിലെ ഒരു ജൂസ്(?), നാവിന്റെ അറ്റം മുതല്‍ ചെറു കുടലിന്റെ അറ്റം വരെ അതിന്‍റെ കയ്പ്പ് ഞാന്‍ അറിഞ്ഞൂ. രാവിലെ 8 മണിക്കും വൈകിട്ട് ആറു മണിക്കും കുടിക്കാന്‍ ഇള നീര്‍. വൈകുന്നേരം വീണ്ടും പച്ചില ജൂസ് (ഇത്തവണ കുമ്പളങ്ങ വിത്ത് കറുക പുല്ല്) കഴിക്കാന്‍ (നിര്‍ബന്ധമാണെങ്കില്‍ മാത്രം) പച്ചരി ചോറും പച്ചക്കറി വേവിച്ചതും. എന്‍റെ ഒരു മാസത്തേക്കുള്ള മെനു പഞ്ഞി മാലാഖ തയാറാക്കി തന്നു. ദൈവത്തിനു നന്ദി, അതെനിക്ക് ഒരു ദിവസമേ കഴിക്കേണ്ടി വന്നുള്ളൂ. ഷുഗര്‍ ലെവല്‍ താഴെ പോയി ഞാന്‍ രണ്ടു ദിവസം കിടപ്പിലായി. അതോടെ പ്രകൃതിയിലേക്കുള്ള മടക്കം ഞാന്‍ മതിയാക്കി.

ഷോരിന്‍് റിയു കരാട്ടെ ക്ലാസ് എന്ന് കേട്ടിട്ടുണ്ടോ ? ഞാന്‍ കേട്ടിട്ടില്ലായിരുന്നു. ആ ബോര്‍ഡ് കാണുന്ന വരെ. കരാട്ടെ പഠിച്ചാല്‍ രണ്ടുണ്ട് കാര്യം. തടിയും കുറയ്ക്കാം ആരെയേലും ഇടിച്ചു വീഴ്ത്തുകയും ആകാം. അതെ അടുത്ത ഊഴം കരാട്ടെ ക്ലാസ്സിലേക്കുള്ളതായിരുന്നൂ. കാലു വിടര്‍ത്തി നേര്‍ രേഖയിലാക്കി വെച്ചും ഇടയ്കിടെ ഹാ ഫൂ എന്നൊക്കെ വെച്ചും ഞാന്‍ ഒരു വെള്ള ബെല്‍റ്റ്‌ കാരിയായി. യോഗ പോലെ തന്നെ തലേം കുത്തി ചാട്ടം ഇവിടെയും ഉണ്ടാരുന്നു. വേറൊരു വിധത്തിലാണെന്ന് മാത്രം. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അഖില്‍ ഉണ്ണികൃഷ്ണന്‍ എന്‍റെ കാലില്‍ ചവിട്ടി വീഴ്ത്തിയതോടെ അതും മുടങ്ങി.

ഇതിനിടെ തടി കുറയ്ക്കാനുള്ള 350 രൂപയുടെ ആയുര്‍വേദ(?) പച്ച ഗുളിക ഞാന്‍ വാങ്ങി ഒന്ന് രണ്ടാഴ്ച ഉപയോഗിച്ചു നോക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അത് തുടരാന്‍ കഴിയാതെ അടുത്ത വഴി നോക്കി ഇരിക്കുന്നു. ഉഴിച്ചില്‍, തിരുമ്മല്‍, ആദിയായ പ്രക്രിയകളിലൂടെ തടി കുറയ്ക്കാം എന്ന് ഇന്നാളൊരു മാസികയില്‍ വായിച്ചതോര്‍ക്കുന്നൂ. പക്ഷെ ഇരുപത്തയ്യായിരം രൂപയാകും ഒരു പാകെജിനു‌. ഇനിയും ഒരു പരീക്ഷണം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. (വെറും പിന്തിരിപ്പന്‍ മൂരാച്ചികള്‍..).

ഇത് കുറച്ചു നാള്‍ പഴക്കം ഉള്ള കഥയാണ്. കുറച്ചു നാള്‍ എന്നാല്‍ ഒരു 2-3 വര്‍ഷം പഴക്കം ഉണ്ട്. ഞാന്‍ നേരത്തെ നിന്ന ഹോസ്റ്റലില്‍ വെച്ച് നടന്ന അതി ഭീകരമായ ഒരു കിടിലന്‍ സംഭവം ആണ് പറയാന്‍ പോകുന്നത്. ആരും ഞെട്ടരുത്.

പണ്ട് മുതലേ ഞാന്‍ ഒരു അല്പം ബുദ്ധി കൂടുതലുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു. (ഏകദേശം മനസിലായി കാണുമല്ലോ. ) എന്ത് കണ്ടാലും ഒരു അന്വേഷണ ത്വര, ഒരു വാന്ജ എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാന്‍ കണ്ടു പിടിച്ച ഒരു ഭീകര സത്യം ആണ് പറയാന്‍ പോകുന്നത്. സംഭവം നടക്കുന്നത് ഒരു ലേഡിസ് ഹോസ്റ്റലില്‍ വെച്ചാണ്‌. വെറും ലേഡിസ് ഹോസ്റ്റല്‍ അല്ല. കന്യാസ്ത്രീകളുടെ കര്‍ശനമായ അച്ചടക്ക നിയമങ്ങളും കൂര്‍ത്ത മിഴികളും സദാ റോന്തു ചുറ്റുന്ന ഒരു കൂറ്റന്‍ ബംഗ്ലാവ്. കനത്ത മതിലുകള്‍. ഉയര്‍ന്ന ഗേറ്റ്. ഗേറ്റില്‍ കൂര്‍ത്തു നില്‍ക്കുന്ന കമ്പികള്‍ പിടിപ്പിച്ചിട്ടുണ്ട്. മതിലിനു മുകളില്‍ കുപ്പിച്ചില്ല് വിരിച്ചു അകത്തേക്കും പുറത്തേക്കും ഉള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഗേറ്റില്‍ കാവലിനായി ജര്‍മ്മന്‍ ഷപെര്ഡ് നായകള്‍ രണ്ടെണ്ണം. ചുറ്റിലും ഉള്ള യുവാക്കളുടെയും ഉള്ളിലുള്ള യുവതികളുടെയും നെഞ്ചില്‍ ഒരു മിന്നല്‍ പിണരായി ആ ഹോസ്റ്റല്‍ നിലകൊണ്ടു. നീണ്ട ഇടനാഴികളും ഉരുളന്‍ തൂണുകളും ഉള്ള ആ കെട്ടിടം എത്രയെത്ര നിശ്വാസങ്ങളും സ്വപന്ങളും കണ്ടിട്ടുണ്ടാകും?

അതിന്റെ മുകളിലെ നിലയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്‌. രാത്രി ഏകദേശം 2 മണി വരെ ഇരുന്നു പഠിക്കുകയും (?) നേരം വെളുത്തു 7.45 ആകുമ്പോള്‍ ചാടിയെണീറ്റ് പല്ല് തേച്ചു മുഖം കഴുകി കോളേജിലേക്ക് വെച്ചടിക്കുന്ന ഒരു സാധാരണ കുട്ടി. തുണി അലക്കാന്‍ മദര്‍ സമ്മതിക്കാത്ത കൊണ്ട് 3 ജോഡി ഡ്രസ്സ് കൊണ്ട് ഒരാഴ്ച കഴിയുകയും നാറ്റം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ നാനാജാതി പരിമളങ്ങള്‍ സ്റ്റോര് ചെയ്തു വെച്ച് തരം പോലെ പൂശിക്കൊണ്ട് കാലം കഴിക്കയും ചെയ്തിരുന്ന എന്റെ കോളേജ് ജീവിതം.

പതിവ് പോലെ രാത്രി സമയം. അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു പുസ്തകത്തിലേക്ക് ബലം പ്രയോഗിച്ചു പിടിച്ചു നിര്‍ത്തിയിരിക്കുന്നു. ഏകദേശം പന്ത്രണ്ടു മണി. അല്ല അത് കൃത്യം പന്ത്രണ്ടു മണി തന്നെയായിരുന്നു. പഠന മുറിയില്‍ ഞാന്‍ മാത്രം. കാര്യം അല്പം ധൈര്യം ഉണ്ടെന്നു സ്വയം അല്പം അഹങ്കാരം ഉണ്ടെന്‍കിലും രാത്രി പന്ത്രണ്ടു മണി അന്നും ഇന്നും എനിക്കിത്തിരി പേടിയുള്ള സമയം ആണ്. പണ്ട് കേട്ടിട്ടുള്ള പല കഥകളിലെയും പ്രേതങ്ങള്‍ എനിക്ക് ചുറ്റും നൃത്തം വെയ്ക്കുന്ന പോലെ എനിക്ക് തോന്നി തുടങ്ങി. എഴുന്നേറ്റു ടോയ്ലെറ്റില്‍ പോയി വരാന്‍ പോലും നേരിയ ഭയം എന്നെ പിടികൂടി തുടങ്ങിയിരുന്നു. “ശ് ശ് ശ് ശ് ശ് ശ് ” എന്നൊരു ശബ്ദം. ഞാന്‍ ഞെട്ടി പ്പോയി. പാതി രാത്രിയുടെ നിശബ്ദതയില്‍ ആരാണിത്. ഇല്ല വേറെ ആരും ആ ഫ്ലോറില്‍ ഉണര്‍നിരിപ്പില്ല. ഞാന്‍ ഞാന്‍ മാത്രം. എനിക്ക് തോന്നിയതാണോ? “ശ് ശ് ശ് ശ് ശ് ശ് ” വീണ്ടും അതാ. അതെ ശബ്ദം. കൈ കാലുകളിലൂടെ നേരിയ ഭയത്തിന്റെ തരിപ്പ് കയറുന്നതും രോമങ്ങള്‍ തരിച്ചു പോകുന്നതും ഞാന്‍ അറിഞ്ഞൂ. ഒരിക്കല്‍ കൂടി ഞാന്‍ ആ ശബ്ദം കേട്ടു. അതെ അത് തോന്നല്‍ ആയിരുന്നില്ല. ആരോ ആരെയോ വിളിക്കുകയായിരുന്നു, പക്ഷെ ആരെ? എന്നെയോ? അറിഞ്ഞു കൂടാ. ഇരുന്ന ഇരിപ്പില്‍ നിന്ന് എഴുന്നേറ്റു നോക്കാനുള്ള ശക്തി ഇല്ലാതായി പോയിരുന്നു.
പക്ഷെ പിന്നീടത്‌ കേട്ടതേയില്ല. എങ്ങനെയോ എഴുന്നേറ്റു ഞാന്‍ റൂമില്‍ വന്നു കിടന്നത് ഓര്‍മയുണ്ട്. ആരോടും പറഞ്ഞു മറ്റുള്ളവരെ കൂടി പേടിപ്പികണ്ട എന്നെനിക്കു തോന്നി.

അടുത്ത ദിവസം രാത്രി കൃത്യം പന്ത്രണ്ടു മണി സമയം. പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം അടുത്തതിനാല്‍ രാത്രി വൈകി ഇരിക്കാതെ നിവൃത്തിയില്ലായിരുന്നു. വീണ്ടും അതെ ശബ്ദം. “ശ് ശ് ശ് ശ് ശ് ശ് “. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ കൃത്യം മൂന്ന് തവണ. അതെ. അതെന്തോ സിഗ്നല്‍ ആണെന്ന് മനസിലാക്കാന്‍ എനിക്ക് പിന്നെ അധിക സമയം വേണ്ടി വന്നില്ല. ഹോസ്റെലിനു പുറകില്‍ ഒരു വീടുണ്ട്. ഒരു പറ്റം ബാച്ചിലേര്‍സ് താമസിക്കുന്ന (students തന്നെ.) ഒരു വീട്,. ഒരു പക്ഷെ അവിടെ നിന്നാരെന്കിലും ഇവിടെയുള്ള ആരെയെന്കിലും വിളിക്കാനുള്ള സിഗ്നല്‍ ആണോ ? സ്വാഭാവികമായും എന്റെ സംശയം ആ വഴിക്ക് തിരിഞ്ഞു.

പക്ഷെ അതാരെ ആയിരിക്കും. ഭയത്തെക്കാള്‍ ഏറെ എന്നെ അതറിയാനുള്ള ആഗ്രഹം കീഴടക്കി. എന്റെ മുറിയില്‍ നിന്നാല്‍ ആ വീട് കാണാന്‍ പറ്റില്ല. പക്ഷെ റൂമിന് പുറത്തിറങ്ങിയാല്‍ ഇടനാഴി യുണ്ട്. രാത്രി ആയതു കൊണ്ട് അവിടെ നിന്ന് നോക്കിയാല്‍ ആര്‍ക്കും എന്നെ കാണാന്‍ പറ്റില്ല. പക്ഷെ എനിക്ക് പുറത്തെ കാഴ്ചകള്‍ കാണുകയും ചെയ്യാം.

ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. പുറത്തിറങ്ങി നോക്കണോ? രാത്രിയില്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റു പോയ സിസ്റ്റര്‍ അഭയയുടെ അനുഭവം എന്നെ ഒന്ന് വിലക്കി. പക്ഷെ എന്റെ ഉള്ളിലെ ഡിറ്റക്ടീവ് കീഴടങ്ങാന്‍ തയാര്‍ അല്ലായിരുന്നു. കേക്ക് മുറിക്കാനും പഴം മുറിക്കാനും ഒക്കെ ഉപയോഗിച്ചിരുന്ന കത്തി മുറിയില്‍ ഉണ്ടായിരുന്നു. അത് കയ്യില്‍ എടുത്തു ഞാന്‍ പതുക്കെ മുറിക്കു പുറത്തിറങ്ങി. ഇടനാഴിയില്‍ ഞാന്‍ മാത്രം. എന്റെ നെഞ്ചിന്റെ മിടിപ്പ് എനിക്ക് തന്നെ കേള്‍ക്കാവുന്ന വിധത്തില്‍ ഉച്ത്തിലയികൊണ്ടിരിന്നു. ശ്വാസം അടക്കി പിടിച്ചു കൊണ്ട് ഇടനാഴിയിലൂടെ ഞാന്‍ നടന്നു. പതിയെ ജനലിന്റെ അടുത്തെത്തി. ഭിത്തിയോട് ചേര്‍ന്ന് നിന്ന് ജനല്‍ പാളികള്‍ക്ക്‌ മറഞ്ഞു നിന്ന് ഞാന്‍ പുറത്തേക്കു നോക്കി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം ഞാന്‍ അന്ധാളിച്ചു നിന്ന് പോയി.

അടുത്ത വീട്ടിലെ പയ്യന്മാര്‍ ഒരു തെങ്ങിനെ വലം വെച്ച് നിന്ന് മൂത്രം ഒഴിക്കുന്ന നയന മനോഹരമായ കാഴ്ച.. അതിന്റെ പശ്ചാത്തല സംഗീതമായി അവര്‍ പുറപെടുവിച്ചതയിരുന്നു ഞാന്‍ കേട്ട “ശ് ശ് ശ് ശ് ശ്” ..

സുഹൃത്തേ, ഞാന്‍ ഒരു സുന്ദരിയെ അല്ല. പിന്നെ ഞാന്‍ എന്തിനാണ് ഇങ്ങനെ ഒരു പേരില്‍ ബ്ലോഗുന്നത് എന്നാവും നിങ്ങളുടെ സംശയം. സത്യം പറ. ലോകസുന്ദരി എന്ന ഈ പേര് കണ്ടിട്ടല്ലേ താങ്കള്‍ എന്റെ ബ്ലോഗ് വായിക്കാന്‍ വന്നത്. അങ്ങനെ എന്കിലും ആരേലും വന്നു വായിച്ചിട്ട് പോട്ടെ എന്ന ഒരു ചെറിയ ദുര്ധേശ്യം മാത്രമേ എനിക്കുള്ളൂ. ഏതായാലും വന്നത് വന്നു. താങ്കള്‍ എന്റെ പേജ് വായിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് ഞാന്‍ രണ്ടു വാക്ക് എന്നെ കുറിച്ച് പറയാം.

ആദ്യമേ പറഞ്ഞല്ലോ ഞാന്‍ സുന്ദരിയല്ല. എന്റെ പേര് തല്കാലം പറയുവാന്‍ നിര്‍വാഹം ഇല്ല. സ്ത്രീ. 27 വയസായി. കിളവി എന്ന് പറഞ്ഞാരുന്നോ ? എനിക്ക് തോന്നിയതാരിക്കും അല്ലെ. ശരി. പറഞ്ഞു വന്നത് തുടരട്ടെ, ഇത്രയും പരത്തി പറഞ്ഞു വന്നപ്പോള്‍ നിങ്ങള്‍ വിചാരിച്ചോ എനിക്ക് വേറെ പണിയൊന്നും ഇല്ലാതെ ചൊറി കുത്തി നടക്കുവാണെന്ന്? തെറ്റി കൂട്ടുകാരാ നിങ്ങള്ക്ക് തെറ്റി. എനിക്കും പണിയുണ്ട്. ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ അനലിസ്റ്റ് ആണ്. ഓഹോ അപ്പോള്‍ സാമ്പത്തിക മാന്ദ്യം കാരണം പണി പോയിട്ടിരിക്കീവാണല്ലേ എന്നല്ലേ ഇപ്പോള്‍ ചിന്തിച്ചത്‌? ദുഷടന്‍(?) ഇല്ല. ഇത് വരെ പണി പോയിട്ടില്ല. അത് പക്ഷെ കയ്യാല പുറത്തെ തേങ്ങ പോലെയാണ്. പോകാം പോകാതിരിക്കാം. പോകുന്നതിനു മുന്‍പേ വേറെ വല്ല പണിയും കിട്ടുമോ എന്ന് വിചാരിച്ചാണ് ഞാന്‍ ഈ പണി തുടങ്ങിയത്. കഥയൊക്കെ ഇങ്ങനെ നിങ്ങളോട് പറഞ്ഞു കരഞ്ഞ്‌ കാശ് തട്ടാം എന്ന വിചാരവും ഇല്ലാതില്ല. പിന്നെ പഠിക്കാന്‍ വിട്ട നേരത്ത് കപ്പലണ്ടി പെറുക്കി നടക്കാതെ കന്യാസ്ത്രീകളെ പേടിച്ചു കാണാപ്പാഠം പഠിച്ചു ഞാന്‍ ഇവിടെ വരെ എത്തി. അപ്പന് കാശില്ലാതെ കൊണ്ട് (പാവം സര്‍കാര്‍ ജീവനക്കാരന്‍ )മലയാളം മീഡിയത്തില്‍ ആണ് പഠിച്ചത്. അത് കൊണ്ടെന്താ എഷണി പറയുന്ന ഭാഷയില് തന്നെ ഇതെഴുതാന്‍ പറ്റി. ഇവിടെ എന്റെ ഓഫ്സില്‍ ഇംഗ്ലീഷ് സാമാന്യം നിര്‍ബന്ധമാണ്‌. തലയ്ക്കു മുകളില്‍ ഉള്ളവരെല്ലാം തമിഴരും തെലുന്കരും ആണ്. അത് കൊണ്ട് കുറ്റം പറയാന്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ മലയാളം പറയുന്നത്. അത് സാമാന്യം നന്നായി തന്നെ നടക്കുനനൂണ്ട്. (എന്‍റെ ഭാഗ്യം).

ഫിസിക്കലി ഞാന്‍ നീണ്ടുരുണ്ടാതാണ്. വെളുത്തിട്ടാണ്‌. ചുമന്നതല്ല. 9 മണിക്കൂര്‍ ഇരുന്നു കീബോര്‍ഡില്‍ കളിക്കുന്ന എന്‍റെ എല്ലാ സഹ പ്രവര്‍ത്തകരെയും പോലെ വശങ്ങളിലേക്ക് ഞാനും വളര്‍ന്നു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും മനോരമ ഓണ്‍ലൈന്‍ പേജില്‍ കാണുന്ന ബി എം ഐ കാല്‍ക്കുലേറ്റര്‍ നോക്കി നെടുവീര്‍പ്പിടുന്ന എന്‍റെ വേദന നിങ്ങള്‍ക്ക് മനസിലാകുമോ? എവെടന്നു? അല്ലേലും വല്ലവന്റെയും മനോവേദന ചിലര്കൊക്കെ വീണവായന ആണല്ലോ. പിന്നെ നേരത്തെ പറഞ്ഞല്ലോ എന്‍റെ ഹെഡ് ഒക്കെ തമിഴരും തെലുന്കരും ഒക്കെയാണെന്ന്. രാവിലെ 8.30 ആണ് ഓഫ്സില്‍ കയറേണ്ടത്. 7 മണിക്ക് എന്ഴുന്നെല്‍ക്കുന്ന എന്നെ രാവിലെ കൃത്യമായി ഇവിടെ കൊണ്ട് വന്നു തള്ളുന്ന എന്‍റെ കൂട്ടുകാരനെ നന്ദിയോടെ ഈ സമയം ഞാന്‍ സ്മരിക്കുന്നു. ഹെഡ് വരുന്നത് 8.45 ഒക്കെ യാകും. എങങാനും ഞാന്‍ വൈകി വന്നാല്‍ അങ്ങേരുടെ സീറ്റ് കടന്നു വേണം എനിക്ക് എന്‍റെ കുബികിളില്‍ എത്താന്‍. അങ്ങോരുടെ മുഖത്ത് നോക്കാതെ തല എതിര്‍വശത്തേക്ക് തിരിച്ചു നടന്നു പോകുന്ന എന്നെ അദ്ദേഹം ഒന്ന് ചിരിച്ചു കാണിക്കും. നല്ല മനുഷ്യന്‍ എന്ന് വിചാരിച്ചോ.. നിങ്ങള്‍ക്ക് പിന്നെയും തെറ്റി. ചിരി പലതരം ഉണ്ട്. പുന്ചിരി, കൊലച്ചിരി, കാലന്‍ചിരി, കള്ളച്ചിരി, പൊട്ടിച്ചിരി,. ഇതില്‍ ഏതാരിക്കും ആ ചിരി എന്നുള്ള തീരുമാനം ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു.

ഇടയ്ക്കിടെ എഷണി പറയാന്‍ വരുന്ന സഹപ്രവര്‍ത്തകര്‍, കാപ്പിയും ആയി വരുന്ന ചേച്ചി, കുടവയര്‍ ഉന്തി വരുന്ന കൂട്ടുകാര്‍, ഇതൊക്കെയാണ് സുഹൃത്തേ എന്‍റെ ലോകം. ബൈ ദ ബൈ ഒരു കാര്യം പറയാന്‍ മറന്നു പോയി കുടവയര്‍ ഐ ടി ഫില്ടില്‍ എക്സ്പെരിയെന്സിന്റെ അടയാളമാകുന്നു.

ഇവിടെ ഞങ്ങള്‍ സംസാരിക്കുന്നതു കോര്‍പ്പറേറ്റ് ലാംഗ്വേജ് ആണ്. എന്ന് പറഞ്ഞാല്‍ തേച്ചു വടിവാക്കിയ ഭാഷ. അപ്പന് വിളിച്ചാലും നമുക്ക് 2-3 മിനിട്ട് കഴിഞ്ഞേ മനസിലാകുകയുള്ളൂ. മാതൃ ഭാഷയില് അപ്പന് വിളിചാലല്ലേ ചോര തിളക്കെണ്ടാതുള്ളൂ? അത് കൊണ്ട് എനിക്ക് തിളക്കാറില്ല.

ഇനിയുള്ളതെല്ലാം ഞാന്‍ വഴിയെ അറിയിക്കാം. അഭിപ്രായം പറയണേ.

സാമ്പത്തിക മാന്ദ്യം എന്ന സംഭവം ആദ്യമായി ഞാന്‍ അറിയുന്നത് അങ്ങ് അമേരിക്കയില്‍ ഒരു ബാങ്ക് പൊട്ടി തകര്‍ന്നു പോയ ഒച്ച ഇങ്ങു വീട്ടിലിരുന്നു കേട്ടപോഴാണ്. സായിപിന്റെ ബാങ്ക് പൊട്ടിയാല്‍ എനിക്കെന്തര് എന്നൊക്കെ ആദ്യം വിചാരിച്ചു. പക്ഷെ കുടത്തിലെ ഭൂതത്തിനു എന്നെ മാത്രമല്ല എന്റെ കുലത്തെ (അഖില ലോക സോഫ്റ്റ്‌വെയര്‍ തൊഴിലാളികളെ) മുഴുവന്‍ വിഴുങ്ങാന്‍ കഴിയുമെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. പണി തല്ക്കാലം പോയിട്ടില്ല. പക്ഷെ ശമ്പളം കട്ട് ചെയ്യുമെന്നും അല്ലോവന്‍സ് നിര്‍ത്തലാക്കും എന്നും ഒക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു ഇടിമിന്നല്‍ പാഞ്ഞു പോകുന്നത് ഞാന്‍ അറിയുന്നു. പതിനായിരത്തിന് മേലെ ശമ്പളം എന്നൊക്കെ കേട്ടപ്പോള്‍ അര്‍ദ്ധ പട്ടിണിക്കാരനായ സര്‍കാര്‍ഉദ്യോഗസ്ഥന്‍റെ മകള്‍ക്ക് രോമാഞ്ചം വന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനൊക്കുമോ? അങ്ങനെ രോമാഞ്ച പുളകിത ആയ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ ഇങ്ങോട്ട് എടുത്തു ചാടി. സമപ്രായക്കാര്‍ അയ്യായിരവും ആറായിരവും വാങ്ങിയപ്പോള്‍ അതുകൊണ്ടൊക്കെ എന്താകാനാ എന്ന് പുച്ഛം നിറഞ്ഞ (സഹതാപം മേമ്പൊടി ചേര്‍ത്ത്) കമന്റ് പറഞ്ഞു ഞാന്‍ രസിച്ചു. പക്ഷെ ഇന്ന് മറ്റുള്ളവര്‍ എന്നെ കാണുമ്പൊള്‍ പാവം കുട്ടി എന്ന് സഹതപിക്കുന്നു. വലിയ കാറിന്റെ പുറകിലെ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന വലിയ വീട്ടിലെ അമ്മച്ചിമാര്‍ക്ക് റോഡ് സൈഡില്‍ ഇരിക്കുന്ന പിച്ചക്കരോട് തോന്നുന്ന ഒരു ഫീലിംഗ് ഇല്ലേ. അയ്യോ പാവം എന്ന്. ഏതാണ്ട് അത് പോലൊക്കെ തന്നെ.

ഒരു നെടുവീര്‍പ്പിലും ഒരു നാരങ്ങ സോഡായിലും ഞാന്‍ എല്ലാം ഒതുക്കുന്നു. ഒരു കാര്യം വിട്ടുപോയി. നാരങ്ങ സോഡാ ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ മനസിലാക്കിയത് കയ്യില്‍ കാശു തികയാതെ വന്നപ്പോഴാണ്. നേരത്തെ ഞാന്‍ മില്‍ക്ക് ഷേക്ക്‌ മാത്രമേ കുടിക്കുമായിരുന്നുഉള്ളു. തൂകി കൊണ്ട് നടക്കുന്ന ഹാന്‍ഡ് ബാഗിന്റെ വള്ളി വിട്ടു പോയിരിക്കുന്നു. പുതിയത് വാങ്ങണോ എന്ന് രണ്ടാമത് ആലോചനയിലാണ്. ബാഗ് വാങ്ങിയിട്ട് ജോലി പോയാല്‍ ആ കാശും കൂടെ വെറുതെ പോകുമല്ലോ എന്നോര്‍ത്തിട്ടാ.

എനിക്കൊരു കാര്യം ഇപ്പോള്‍ മനസിലായി. ആയിരം കിട്ടുന്നവന്‍ 999 രൂപയ്ക്കു ജീവിക്കും. ഒരു ലക്ഷം കിട്ടുന്നവന്‍ 99999 (അക്കത്തിന്റെ എണ്ണം കറക്റ്റ് ആണോന്ന് നോക്കണേ. ഞാന്‍ കണക്കില്‍ ഇത്തിരി മോശമാണ്) രൂപയ്ക്കു ജീവിക്കും. രണ്ടു പേരുടേയും കയില്‍ മാസത്തിന്റെ അവസാനത്തെ ആഴ്ച്ചയില്‍ കയില്‍ കാശുണ്ടാകുകയില്ല. ആരോടേലും കടം വാങ്ങും. പിന്നേം ജീവിക്കും. ഇതിങ്ങനെ തുടരും.

ജാഡ കാണിക്കാന്‍ ഏതോ പോക്കണം കേട്ട നേരത്ത് ഒരു വണ്ടിയും വാങ്ങി. ലോണ്‍ തരാന്‍ നേരം ബാങ്ക് കാര്‍ക്ക് എന്തൊരു സ്നേഹമായിരുന്നു. മാഡം മാഡം എന്നൊക്കെ വിളിച്ചിട്ട് ടൈ കെട്ടിയ ചേട്ടന്‍ മാര്‍ പുറകെ വരികയായിരുന്നു. സത്യം പറയട്ടെ ഈ മാഡം വിളി എന്‍റെയൊരു വീക്നെസ് ആയിപോയി. ഞാന്‍ അങ്ങ് വീണു. വണ്ടിയോരെണ്ണം വീട്ടില്‍. പക്ഷെ ടൈ കെട്ടിയവന്‍ മാരുടെ തനി നിറം ഞാന്‍ ഒരു ഇ എം ഐ മുടക്കിയപ്പോള്‍ അറിഞ്ഞൂ. ലോണ്‍ തരം നേരം മാത്രമേ ഇവന്മാര്‍ സുന്ദരക്കുട്ടപന്‍മാര്‍ആയി വരികയുള്ളു. കാശ് മേടിക്കാന്‍ വിടുന്നത് വല്യ കരുമാടിക്കുട്ടന്‍ മാരെ ആണ്, അവന്മാരെ കാണുമ്പൊള്‍ നമുക്ക് ഒരു ഒഴി കഴിവും പറയാന്‍ തോന്നില്ല. തൊണ്ടയില്‍ വെള്ളം ഉണ്ടായിട്ടു വേണ്ടേ വല്ലതും പറയാന്‍. വിറച്ചു വിറച്ചു നമ്മള്‍ പണം കൃത്യമായി കൊണ്ടേ കൊടുക്കും. അതിനുമുന്‍പെ നമ്മളെ മൊബൈലില്‍ വിളിക്കും. കാശ് റെഡി ആണോ എന്ന് ചോദിയ്ക്കാന്‍. ഇല്ലേല്‍ എന്ന് റെഡി ആകും എന്നറിയണം. നീണ്ട അവധി പറയാന്‍ പറ്റില്ല. ഏറിയാല്‍ 2 ആഴ്ച. മൊബൈലില്‍ എടുത്തില്ലേല്‍ പിന്നെ നേരെ ഓഫീസിലേക്ക് ആണ് വിളി. ചോദ്യം ചെയ്യല്‍ കേട്ടാല്‍ അവന്റെ അപ്പൂപ്പനോടാണ് നമ്മള്‍ കടം വാങ്ങിയെക്കുന്നെ എന്ന് തോന്നും. അവനെ ചീത്ത വിളിക്കാന്‍ ഒക്കെ എനിക്ക് തോന്നാറുണ്ട്. പക്ഷെ നമ്മള്‍ നമ്മുടെ മാന്യത വിടരുതല്ലോ. അതുകൊണ്ട് മാത്രമാണ്. അല്ലാതെ പേടിച്ചിട്ടൊന്നും അല്ല.

ഇപ്പോള്‍ ആരും ലോണ്‍ വേണോ എന്ന് ചോദിച്ചു പുറകെ വരാറില്ല. ക്രെഡിറ്റ് കാര്‍ഡ് തരട്ടെ എന്ന് ചോദിച്ചു ഫോണ്‍ വിളിക്കാറില്ല. പുതിയ ഒഫ്ഫെരുകളെ പറ്റി പറയാന്‍ മോബൈല്‍ കമ്പനി ക്കാരും വിളിക്കാറില്ല. കാശടക്കാന്‍ വൈകുമ്പോള്‍ ആ കാള്‍ സെന്റെരിലെ അമ്മച്ചി വിളിക്കും. നിങ്ങളുടെ മൊബൈലില്‍ ഈ സൗകര്യം ലഭ്യമല്ല എന്ന് പറയും. എന്ത് സൗകര്യം ആണോ എന്തോ. വിളിക്കുന്ന ആള്‍ക്കാരെ ഒക്കെ പാട്ട് പാടി കേള്‍പ്പിക്കുന്ന ഒരു സംവിധാനം ഇറങ്ങിയില്ലേ. ആദ്യമൊക്കെ ഞാന്‍ മാസത്തില്‍ 2-3 തവണ ഒക്കെ പാട്ട് മറ്റുമായിരുന്നു. കഴിഞ്ഞ ആഴ്ച അവരെ വിളിച്ചു പറഞ്ഞു എനിക്ക് പാട്ട് വേണ്ട. അതിനു 30 രൂപ മാസം വേറെ കൊടുക്കണം. അമ്മച്ചിയല്ല ഏതോ മാമന്‍ ആണ് ഫോണ്‍ എടുത്തത്‌. അങ്ങോരു പറഞ്ഞു 24 മണിക്കൂറിനുള്ളില്‍ പാട്ട് മാറ്റി തരാം എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മാറ്റി തന്നു.